സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ജനങ്ങളെ ആത്മഹത്യക്കു പ്രേരിപ്പിക്കുകയും അപകടകരമായ ഭ്രമാത്മകതയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നിര്‍മാതാക്കളായ ഓപ്പണ്‍ എഐക്കെതിരേ യുഎസില്‍ ഏഴു കേസുകള്‍ ഫയല്‍ചെയ്തു. വ്യാഴാഴ്ച കാലിഫോര്‍ണിയ കോടതിയിലാണ് പരാതികളെത്തിയത്.
അസ്വാഭാവിക മരണം, ആത്മഹത്യാപ്രേരണ, മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പ്രായപൂര്‍ത്തിയായ ആറു വ്യക്തികള്‍ക്കും ഒരു കൗമാരക്കാരനും വേണ്ടി സോഷ്യല്‍ മീഡിയ വിക്ടിംസ് ലോ സെന്റര്‍ എന്ന സ്ഥാപനവും സന്നദ്ധസംഘടനയായ ടെക് ജസ്റ്റിസ് ലോ പ്രോജക്ടും ചേര്‍ന്ന് കേസുകൊടുത്തത്.
ഏഴില്‍ നാലുപേര്‍ ആത്മഹത്യചെയ്തതവരാണ്. മാനസികനിലയെ തെറ്റായ രീതിയില്‍ സ്വാധീനിക്കും വിധം അപകടകരമാണെന്ന ആഭ്യന്തരമുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാകും മുന്‍പ് ഓപ്പണ്‍ എഐ ജിപിടി-4ഒ മോഡല്‍ പുറത്തിറക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056, 0471-2552056)



