ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ജനുവരിയിലെ ബ്രിക്‌സ് ഉച്ചകോടി മുതല്‍ അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്. ഈ കാലയളവില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇന്ത്യയുടെ മുന്‍ ജി20 അധ്യക്ഷ പദവിക്ക് സമാനമായ രീതിയില്‍, രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പ്രദര്‍ശിപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായ പാന്‍ ഇന്ത്യന്‍ ബ്രിക്സ് സമ്മേളനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്‍പ്പെടുന്ന 60 പ്രധാന നഗരങ്ങളിലായാകും ബ്രിക്‌സുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടക്കുക. 2023-ല്‍ നടന്ന ജി20 അധ്യക്ഷ പദവി ഇന്ത്യ ഒരു രാജ്യവ്യാപക സംഭവമായി മാറ്റിയിരുന്നു. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 60 നഗരങ്ങളിലായി ഏകദേശം 220 യോഗങ്ങള്‍ നടന്നു. ഈ ജി20 മാതൃക 2026-ലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബ്രിക്സ് അധ്യക്ഷ പദവിക്ക് വേണ്ടി ആവര്‍ത്തിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് ന്യൂസ്-18 റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബ്രിക്സ് പ്രമേയമാക്കിയ പട്ടം പറത്തല്‍ ഉത്സവങ്ങള്‍, ദീപാവലി സമയത്ത് ബ്രിക്‌സ് ലോഗോ ഉള്‍പ്പെടുത്തിയുള്ള ദീപാവലി ആഘോഷങ്ങള്‍, വിവിധ നഗരങ്ങളില്‍ ബ്രിക്സ് ലോഗോയുടെ ഹോളോഗ്രാഫിക് അവതരണങ്ങള്‍, റിപ്പബ്ലിക് ദിന ടാബ്ലോയില്‍ ബ്രിക്‌സിനെ ഒരു വിഷയമാക്കുക, പ്രതിനിധികളെ കൊണ്ടുപോകുന്ന വിമാനങ്ങളില്‍ ബ്രാന്‍ഡിംഗ് നടത്തുക, കേരളത്തിലെ വള്ളംകളി മഹോത്സവം, ഒഡീഷയിലെ അന്താരാഷ്ട്ര മണല്‍ ശില്പമേള, ഗോവ കാര്‍ണിവല്‍ തുടങ്ങിയ സംസ്ഥാന ഉത്സവങ്ങളിലും ബ്രിക്സ് ബ്രാന്‍ഡിംഗും പ്രചാരണവും നടത്തുക, മെട്രോ സംവിധാനങ്ങള്‍, സംസ്ഥാന ബസുകള്‍, റെയില്‍വേ തുടങ്ങിയ പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലും ബ്രിക്സ് ലോഗോ പ്രദര്‍ശിപ്പിക്കുക, ബിക്സ് തീം അടിസ്ഥാനമാക്കിയുള്ള ഫുഡ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുക തുടങ്ങി വിപുലമായ പ്രചാരണ പദ്ധതികളുമുണ്ട്.
ഒരു പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞനെക്കൊണ്ട് 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ബ്രിക്സ് തീം സോംഗ് തയ്യാറാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ 11 സ്ഥിരാംഗങ്ങളും 10 പങ്കാളി രാജ്യങ്ങളുമുള്‍ക്കൊള്ളുന്നതാണ് ബ്രിക്‌സ് കൂട്ടായ്മ. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വത്വവും സ്ഥാനവും കൂടുതല്‍ ഉറപ്പിക്കുക, ഇന്ത്യയുടെ ആഗോള പ്രാധാന്യം ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാണ് വിവരം.



