ദില്ലി: ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സൽമാൻ ആയിരുന്നു വാഹനത്തിൻറെ ആദ്യ ഉടമ. സൽമാനെ ദില്ലി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്ന് സൽമാൻറെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാർ സൽമാനിൽ നിന്ന് വാങ്ങിയ ദേവേന്ദറും പൊലീസ് കസ്റ്റഡിയിൽ. മറ്റൊരാൾക്ക് കാർ കൈമാറിയെന്ന് ദേവേന്ദർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച് ആർ 26 ഇ 7674 എന്ന നമ്പറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം. ഹരിയാനയിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ വൻ സ്ഫോടനമുണ്ടായത്.
ഹരിയാനയിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനം
വൈകുന്നരം 6.52ന് ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സിഗ്നലിനടുത്ത് വേഗം കുറച്ചെത്തിയ ഒരു കാർ പൊട്ടിത്തെറിക്കുകയും തുടർന്ന് ഈ കാറിന് മുന്നിലുണ്ടായിരുന്ന കാറിലും സ്ഫോടനമുണ്ടായി. പിന്നാലെ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് ഓട്ടോ റിക്ഷകളിലും കാറുകളിലും തീ പടരുകയായിരുന്നു.
അതേസമയം സ്ഫോടനം ഭീകരാക്രമണം എന്ന സൂചനയാണ് ദില്ലി പൊലീസ് നൽകുന്നത്. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ദില്ലി സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്.



