Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചെങ്കോട്ടയ്ക്ക് സമീപം നടന്നത് ചാവേര്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ്?

ചെങ്കോട്ടയ്ക്ക് സമീപം നടന്നത് ചാവേര്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ്?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ചാവേറെന്ന് സംശയിക്കുന്ന ഡോക്ടർ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം ഉണ്ടായത്. ഇതിന് മുമ്പായി കാര്‍ മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തതിന്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്.

ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായെന്നും തുടര്‍ന്നാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖില്‍നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള ഇയാളുടെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52-ഓടെ കാര്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു. സംഭവത്തില്‍ പോലീസ് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments