Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗഗന്‍യാൻ ക്രൂ മൊഡ്യൂൾ: പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരം

ഗഗന്‍യാൻ ക്രൂ മൊഡ്യൂൾ: പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരം

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. പൂര്‍ണമായി തുറക്കുന്നതില്‍ രണ്ട് പ്രധാന പാരഷൂട്ടുകള്‍ തമ്മില്‍ കാലതാമസമുണ്ടാകുമ്പോള്‍ മൊഡ്യൂള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന പരീക്ഷണമാണ് നടത്തിയത്.

ക്രൂ മൊഡ്യൂളിന്റെ ഭാരത്തിന് തുല്യമായ വസ്തു (ആറ് ടണ്‍) വ്യോമസേനയുടെ ഐഎല്‍-76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് പാരഷൂട്ടുകള്‍ ഉപയോഗിച്ച് താഴ്ത്തി ഭൂമിയില്‍ സാവധാനം ലാന്‍ഡ് ചെയ്യിച്ചായിരുന്നു പരീക്ഷണം. പാരഷൂട്ട് രൂപകല്പനയുടെ കരുത്തുതെളിയിക്കുന്നതായി ഈ പരീക്ഷണമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് പാരഷൂട്ട് സിസ്റ്റം യോഗ്യത നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പരീക്ഷണമെന്നും പറഞ്ഞു.

നവംബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള ബാബിന ഫീല്‍ഡ് ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ദൗത്യത്തിനു മുന്നോടിയായുള്ള ഇന്റഗ്രേറ്റഡ് മെയിന്‍ പാരഷൂട്ട് എയര്‍ഡ്രോപ്പ് ടെസ്റ്റുകളുടെ പരമ്പരയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണവിജയമെന്നും അറിയിച്ചു. ഗഗന്‍യാനിന്റെ ആദ്യ ആളില്ലാ വിക്ഷേപണം അടുത്ത ജനുവരിയില്‍ നടക്കാനിരിക്കെയാണ് പ്രധാന പാരഷൂട്ട് പരീക്ഷണം പൂര്‍ത്തിയാക്കിയത്.

ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളില്‍ നാല് തരത്തിലുള്ള പത്ത് പാരഷൂട്ടുകളാണുള്ളത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉപയോഗിക്കാനാണിത്. ഇവ തുടര്‍ച്ചയായി വിന്യസിക്കപ്പെടുന്ന രീതിയിലാകും. പാരഷൂട്ട് കംപാര്‍ട്ട്മെന്റിന്റെ സംരക്ഷണകവര്‍ നീക്കം ചെയ്യുന്ന രണ്ട് കവര്‍ സെപ്പറേഷന്‍ പാരഷൂട്ടുകള്‍ തുറക്കുന്നതോടെയാണ് ഇവയുടെ പ്രവര്‍ത്തനം തുടങ്ങുക. തുടര്‍ന്ന് രണ്ട് ഡ്രോഗ് പാരഷൂട്ടുകള്‍ മൊഡ്യൂളിന്റെ വേഗം കുറയ്ക്കാനായി വിന്യസിക്കപ്പെടും.

തുടര്‍ന്ന് മൂന്ന് പൈലറ്റ് പാരഷൂട്ടുകള്‍ മൂന്ന് പ്രധാന പാരഷൂട്ടുകളെ വേര്‍തിരിച്ചെടുക്കും. ഇത് വേഗം കുറച്ച് സുരക്ഷിതമായ ലാന്‍ഡിങ്ങിന് വഴിയൊരുക്കും.

മൂന്ന് പ്രധാന പാരഷൂട്ടുകളില്‍ രണ്ടെണ്ണം മാത്രം പൂര്‍ണമായും വിന്യസിച്ചിരിക്കുമ്പോഴും മൊഡ്യൂളിന് ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന വിധമാണ് നിര്‍മാണം. വിക്രം സാരാഭായ് സ്‌പെയ്സ് സെന്റര്‍, ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, ഡിആര്‍ഡിഒ, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ ആര്‍മി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പാരഷൂട്ട് സിസ്റ്റം നിര്‍മിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments