രാജ്‌കോട്ട്: ഗുജറാത്തിലെ അംറേലിയില്‍ പശുവിനെ അറുത്ത കേസില്‍ മൂന്നുപേരെ കുറ്റക്കാരായി കണ്ടെത്തി കോടതിവിധി. പ്രതികളായ മൂന്നുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് റിസ്വാന ബുഖാരി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയിലാണ് മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷിച്ചതും. പ്രതികളായ കാസിം സോളങ്കി (20), സത്താര്‍ സോളങ്കി (52), അക്രം സോളങ്കി (30) എന്നിവര്‍ക്ക് 6.08 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
2017-ല്‍ അവസാനമായി ഭേദഗതി ചെയ്ത ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് കോടതി മൂവരെയും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 429-ാം വകുപ്പ് (കന്നുകാലികളെ കൊല്ലുന്നതിലൂടെയുള്ള നാശനഷ്ടം), 295-ാം വകുപ്പ് (ആരാധനാലയത്തെ അശുദ്ധമാക്കല്‍) എന്നിവ പ്രകാരവും മൂവരെയും കുറ്റക്കാരായി കണ്ടെത്തി.



