ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എന്‍ഡിഎ. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിഹാറിലെ ഗംഭീര വിജയത്തില്‍ ജെപി നദ്ദ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പരിപാടിയില്‍ സംസാരിക്കവേ നദ്ദ പറഞ്ഞു.
ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു. ജന മനസ് എന്‍ഡിഎയ്ക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ജംഗിള്‍ രാജ് ബിഹാറില്‍ ഇനി തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ ഇലക്ഷന്‍ സമയത്ത് ജംഗിള്‍ രാജിനെ കുറിച്ച് പറയുമ്പോള്‍ ആര്‍ജെഡി അതിനെ എതിര്‍ത്തിരുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെ അത് അസ്വസ്ഥമാക്കി. വികസിത ബിഹാറിനായാണ് ജനങ്ങള്‍ വോട്ട് ചെയ്തത് – പ്രധാനമന്ത്രി വ്യക്തമാക്കി.
ബിഹാറിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിഹാറിലെ ജനങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും എല്ലാ പാര്‍ട്ടികളെയും അവരുടെ ബൂത്ത് ഏജന്റുമാരെ കൂടുതല്‍ സജീവമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.



