Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍

നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍

നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2027 ല്‍ നടക്കാനിരിക്കുന്ന മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യമാണ് ഐഎസ്ആര്‍ഒയുടെ ഇനിയുള്ള ഏറ്റവും പ്രധാന ദൗത്യം. എന്നാല്‍ അതിന് മുമ്പായി ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി  പിടിഐയോട് പറഞ്ഞു.

ഒരു സ്വകാര്യ വിവരവിനിമയ ഉപഗ്രഹം ഉള്‍പ്പടെ ഒന്നിലധികം പിഎസ്എല്‍വി, ജിഎസ്എല്‍വി വിക്ഷേപണങ്ങളാണ് നടക്കാനിരിക്കുന്നത്. പൂര്‍ണമായും  സ്വകാര്യമേഖലയില്‍ നിര്‍മിച്ച പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണവും അതില്‍ ഉള്‍പ്പെടുന്നു.

ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ തിരികെ എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ചന്ദ്രയാന്‍ 4 തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങളില്‍ ഒന്നായിരിക്കും അത്. ഇതുവരെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാക്കിയത്.

മറ്റൊരു പ്രധാന ദൗത്യം ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി സഹകരിച്ചുള്ള ലുപെക്‌സ് (LUPEX) എന്ന സംയുക്ത ചാന്ദ്ര ധ്രുവ പര്യവക്ഷേണ ദൗത്യമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ തണുത്തുറഞ്ഞ ജലത്തെ കുറിച്ച് പഠിക്കുകയാണ് ലുപെക്‌സ് ദൗത്യത്തിന്റെ ലക്ഷ്യം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ പേടക നിര്‍മാണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ട്.

ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന് വേണ്ടിയുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചുകഴിഞ്ഞതായും 2035 ഓടെ അത് പൂര്‍ത്തിയാക്കുമെന്നും 2028 ഓടെ അഞ്ച് മോഡ്യൂളുകളില്‍ ആദ്യത്തേത് ഭ്രമണപഥത്തിലെത്തിക്കുമെന്നും നാരായണന്‍ പറഞ്ഞു. ഇതോടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ആളില്ലാത്ത ആദ്യ വിക്ഷേപണം മാത്രമാണ് മാറ്റിവെച്ചതെന്നും 2027 ല്‍ തീരുമാനിച്ച മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ സമയത്തില്‍ മാറ്റമൊന്നുമില്ലെന്നും വി. നാരായണന്‍ വ്യക്തമാക്കി. G1 എന്ന ആളില്ലാ ഗഗന്‍യാന്‍ പേടക വിക്ഷേപണം 2025 നടത്താനിരുന്നതാണ്. ഇത് നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.

2040 ഓടെ മനുഷ്യരെ ചന്ദ്രനിലയച്ച് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. യുഎസിന്റെ ആര്‍ട്ടെമിസ് ദൗത്യവും ഇക്കാലയളവില്‍ തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം 820 കോടി യുഎസ് ഡോളറാണ്. 2033 ആകുമ്പോഴേക്കും ഇത് 4400 കോടി ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥ നിലവില്‍ ഏകദേശം 63000 കോടി യുഎസ് ഡോളറാണെന്നും 2035 ആകുമ്പോഴേക്ക് ഇത് 180,000 കോടി യുഎസ് ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ ഇപ്പോള്‍ 450-ലധികം വ്യവസായങ്ങളും 330 സ്റ്റാര്‍ട്ടപ്പുകളും സജീവമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും മൂന്ന് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള വലിയൊരു വളര്‍ച്ചയാണിതെന്നും ഇത് കൂടുതല്‍ വളരുമെന്നും നാരായണന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments