ചൊവ്വയില്‍ അതിശയകരമായൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് നാസയുടെ പെര്‍സീവെറന്‍സ് റോവര്‍, വ്യത്യസ്തതയുള്ള വലിയൊരു പാറ. ഈ പാറ പക്ഷെ ചൊവ്വയില്‍ സ്വാഭാവികമായി രൂപപ്പെട്ടതല്ല, ഗ്രഹത്തിന് പുറത്തുനിന്നോ എത്തിയതാണ്. ജസെറോ ഗര്‍ത്തത്തിനുമപ്പുറത്ത് വെര്‍നോഡന്‍ എന്ന സ്ഥലത്താണ് ഈ പാറ കണ്ടെത്തിയത്. പൊട്ടിപ്പൊളിഞ്ഞതും എന്നാല്‍ മിനുസമുള്ളതുമായ പാറയാണിത്. പ്രദേശത്തെ മറ്റ് വസ്തുക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു വസ്തു.
ഫിപ്പാക്സ്ല (Phippsaksla) എന്ന് പേരിട്ടിരിക്കുന്ന ഈ പാറയ്ക്ക് 80 സെന്റീമീറ്റര്‍ വ്യാസമുണ്ട്. സ്വാഭാവികമായും പാറയുടെ അസാധാരണമായ നിറവും ആകൃതിയും ഘടനയുമെല്ലാം ശാസ്ത്രജ്ഞരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ലേസര്‍ സംവിധാനത്തോടുകൂടിയ സൂപ്പര്‍ ക്യാം ഉപകരണം ഉപയോഗിച്ച് പാറയുടെ നിര്‍മിതി പെര്‍സിവെറന്‍സ് റോവര്‍ വിശകലനം ചെയ്തു. അയേണ്‍, നിക്കല്‍ പോലുള്ള ലോഹനിബിഡമായ ഉല്‍ക്കകളില്‍ സാധാരണ കാണാറുള്ള മൂലകങ്ങള്‍ ഇതില്‍ ധാരാളമായുണ്ട്.
വലിയ ഛിന്നഗ്രഹങ്ങളുടെ കേന്ദ്രത്തിലാണ് ഇത്തരം ലോഹങ്ങള്‍ രൂപപ്പെടാറ്. അതുകൊണ്ടു തന്നെയാണ് ഫിപ്പാക്സ്ല ചൊവ്വയില്‍ നിന്ന് ഉത്ഭവിച്ചതല്ല എന്ന അനുമാനത്തിലെത്താന്‍ കാരണം. ബഹിരാകാശത്തുകൂടി സഞ്ചരിച്ച് ചൊവ്വയില്‍ പതിച്ച ഉല്‍ക്കാശിലയുടെ ഭാഗമായിരിക്കാം ഇത്. എന്നാല്‍ ഇത് ഉറപ്പിക്കാന്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണ്. ഇനി, ഇതൊരു ഉല്‍ക്കാശില തന്നെ ആണെങ്കില്‍, ജസെറോ ഗര്‍ത്തത്തിനും പരിസരപ്രദേശങ്ങളിലുമായി പെര്‍സീവെറന്‍സ് റോവര്‍ ആദ്യമായി കണ്ടെത്തുന്ന അത്തരം ശിലയായിരിക്കും ഫിപ്പാക്സ്ല.
2014 ലെ ലെബനന്‍ ഉല്‍ക്ക, 2023 കണ്ടെത്തിയ കക്കാവോ ഉല്‍ക്ക പോലുള്ള നിരവധി ഉല്‍ക്കാശിലകള്‍ കണ്ടെത്തിയ ഗെയില്‍ ഗര്‍ത്തവുമായി ഒട്ടേറെ സാമ്യതകള്‍ ഉണ്ടായിരുന്നിട്ടും ജെസെറോ ഗര്‍ത്ത മേഖലയില്‍ ഉല്‍ക്കാശിലകലൊന്നും കണ്ടെത്താന്‍ പെര്‍സീവെറന്‍സിന് സാധിക്കാതിരുന്നതില്‍ ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെട്ടിരുന്നു. ഓപ്പര്‍ചൂനിറ്റി, സ്പിരിറ്റ് പോലുള്ള ദൗത്യങ്ങളിലും നേരത്തെ ഉല്‍ക്കാശിലകള്‍ കണ്ടെത്തിയിരുന്നു.
ചൊവ്വയുടെ കാലാവസ്ഥയെ എങ്ങനെ ഉല്‍ക്കാശിലകള്‍ സ്വാധീനിക്കുന്നുവെന്നതിനെ കുറിച്ചുള്ള അറിവുകള്‍നേടാന്‍ അവയെ കുറിച്ചുള്ള കണ്ടെത്തലുകള്‍ സഹായകമാവും. ഉപരിതല പ്രക്രിയകള്‍, മണ്ണൊലിപ്പ്, രാസമാറ്റങ്ങള്‍ ഉള്‍പ്പടെയുള്ളവ മനസിലാക്കാനും അത് സഹായിക്കും.



