പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്യാന്‍ നിതീഷ് കുമാര്‍. നാളെ രാവിലെ 10.30ന് ഗാന്ധി മൈതാനത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്ത് വരികയാണ്.
നിതീഷിനെ എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവായും എന്‍ഡിഎ യോഗം തെരഞ്ഞെടുത്തു. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍, ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ, എച്ച്എഎം (എസ്) അധ്യക്ഷന്‍ സന്തോഷ് കുമാര്‍ സോമന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് എന്‍ഡിഎയുടെ നേതാവായി നിതീഷിനെ തെരഞ്ഞെടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്. പിന്നാലെ ഏകകണ്ഠമായി നിതീഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍ നിന്ന് തന്നെയായിരിക്കും. ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രിയായില്ല. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ തുടരും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട ചിരാഗ് പാസ്വാന് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് തീരുമാനം.
അതേസമയം ആഭ്യന്തരവകുപ്പ് വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. പകരം ധനകാര്യം, ആരോഗ്യം വകുപ്പുകള്‍ ജെഡിയുവിന് നല്‍കാമെന്നാണ് ധാരണ. മുഖ്യമന്ത്രി അടക്കം 36 അംഗ മന്ത്രിസഭയില്‍ ജെഡിയു 14, ബിജെപി 16, എല്‍ജെപി 3, എച്ച്എഎം 1, ആര്‍എല്‍എസ്പി 1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.



