തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നുള്ളതാണ് പാർട്ടി നിലപാട്. കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോഴെ ഒരാൾ കുറ്റക്കാരനാകൂ, തെറ്റ് കണ്ടെത്തിയാൽ ആരെയും സംരക്ഷിക്കില്ല. പാർട്ടി പരിശോധിക്കേണ്ട ഘട്ടങ്ങളിൽ പാർട്ടി പരിശോധിക്കും, പത്മകുമാർ കുറ്റക്കാരനാണെന്ന് വിധി വന്നിട്ടില്ല. വിശദാംശങ്ങൾ പൂർണമായും വരട്ടെ. അപ്പോൾ നടപടി സ്വീകരിക്കാം എന്നും ഗോവിന്ദൻ പറഞ്ഞു.
ഗവർണറുടെ അധികാരം സംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. പ്രശ്നപരിഹാരത്തിന് ഉതകുന്ന നിലപാടിലേക്ക് എത്തിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.സമയമെടുത്ത് സൂക്ഷ്മതയിൽ കൈകാര്യം ചെയ്യേണ്ട എസ്ഐആർ ഭരണഘടന വിരുദ്ധമായി നടപ്പിലാക്കുകയാണ്. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ്. ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.



