അബുദാബി: 1380 കോടി വർഷത്തെ പ്രകൃതി ചരിത്രം പറയുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ തുറന്നു. പ്രപഞ്ചത്തിന്റെ ജനനവും സൗരയൂഥത്തിന്റെ രൂപീകരണവും മുതൽ ദിനോസറുകളുടെ ഉദയവും ജീവന്റെ പരിണാമവും വരെ ശാസ്ത്രീയമായി അറിയാനുള്ള അവസരം നേരിട്ടറിയാൻ ആദ്യ ദിവസം തന്നെ മ്യൂസിയത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. അബുദാബി സാദിയാത് ഡിസ്ട്രിക്ടിൽ 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമാണിത്.
ഭൂമിയുടെ കഥ, വികസിക്കുന്ന ലോകം, നമ്മുടെ ലോകം, അതിജീവന ഗ്രഹം, ഭൂമിയുടെ ഭാവി എന്നീ 5 ഗാലറികളിലൂടെയാണ് ചരിത്രത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നത്.അത്ഭുതങ്ങളുടെയും അത്യപൂർവ വസ്തുക്കളുടെയും കലവറയായ മ്യൂസിയം 1380 കോടി വർഷം മുൻപുള്ള കാലത്തേക്ക് സന്ദർശകരെ ആനയിക്കും.
സുവോളജി, പാലിയന്റോളജി, മോളിക്യുലാര്‍ റിസര്‍ച്ച്, എര്‍ത്ത് സയന്‍സസ്, മറൈന്‍ ബയോളജി എന്നിവ ഉള്‍പ്പെടെ നൂതന ശാസ്ത്ര പഠന, ഗവേഷണ സൗകര്യങ്ങളും ഇവിടെയുണ്ട്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരിൽ പ്രകൃതിയോടുള്ള അഭിനിവേശം ജ്വലിപ്പിക്കുംവിധമാണ് രൂപകൽപന. സംസ്കാരം, കല, സർഗാത്മകത എന്നിവയുടെ കേന്ദ്രമായി അബുദാബിയെ മാറ്റാനും ഇതു സഹായിക്കും.



