പാലക്കാട്∙ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്‍.രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടു.
ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണിൽ വിളിച്ച് മത്സരത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങൾ എന്തു ചെയ്യുമെന്നും രാമകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നും ജംഷീർ ഭീഷണിപ്പെടുത്തി.
പത്രിക പിൻവലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും വി.ആർ.രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ചിലർ സമ്മതിക്കുന്നില്ല. അഴിമതിക്കെതിരെ പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 42 വര്‍ഷമായി സിപിഎം അംഗമാണ് രാമകൃഷ്ണൻ. പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.



