ന്യൂഡല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവിലുള്ളവര്‍ക്കും എല്ലാ വിവരങ്ങളും നടപടിക്രമങ്ങളും ഇനി ഒരൊറ്റ ആപ്പിലൂടെ ലഭ്യമാവും.
വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കാന്‍ എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍ഐആര്‍ഡിസി) ‘ഇന്‍ഡ്’ എന്നപേരില്‍ ആപ്പ് പുറത്തിറക്കും. 26-ന് വൈകീട്ട് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി പുറത്തിറക്കും.
സംരംഭത്തില്‍ സുതാര്യതയും കാര്യക്ഷമതയും പങ്കാളിത്തവും ഉറപ്പാക്കുകയും തടസ്സമില്ലാത്ത സേവനം നല്‍കുകയുമാണ് ലക്ഷ്യം. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി ദേശീയ-അന്തര്‍ദേശീയ അവസരങ്ങളടക്കം ആപ്പ് വഴി ലഭ്യമാക്കും. വ്യാവസായികമേഖലയിലെ പുതിയ അവസരങ്ങള്‍, വിപണി പ്രവണതകള്‍, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍, സാമ്പത്തിക സബ്‌സിഡികള്‍, സാങ്കേതിക നവീകരണ അറിയിപ്പുകള്‍ തുടങ്ങിയവ ആപ്പിലുണ്ടാവും.
ഭക്ഷ്യസംസ്‌കരണം, ഫിഷറീസ്-മൃഗസംരക്ഷണം-ക്ഷീരവികസനം, കൃഷി, വാണിജ്യ-വ്യവസായം, പരിസ്ഥിതി-വനം, കോര്‍പ്പറേറ്റ് കാര്യം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചത്.



