ആഗോള തലത്തില്‍ ടെക്ക് കമ്പനികളില്‍ പലതും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിനാളുകളെ ഒന്നിച്ച് പിരിച്ചുവിടുന്ന അവസ്ഥ. ചെലവ് ചുരുക്കല്‍ നടപടികളാണെന്നും അല്ല എഐ അധിഷ്ഠിത പരിഷ്‌കാരങ്ങളുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പല മുന്‍നിര കമ്പനികള്‍ ഈ നടപടികള്‍ കൈകൊണ്ടിരുന്നുവെങ്കിലും ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കൂട്ടപ്പിരിച്ചുവിടലില്‍ ഇതുവരെ ഭാഗമായിരുന്നില്ല. എന്നാല്‍ അതിനിപ്പോള്‍ മാറ്റം വന്നു. ആപ്പിളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ നിന്നാണ് പിരിച്ചുവിടലുകള്‍ നടക്കുന്നത്.
ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള പദ്ധതിയുടെ ഭാഗമായാണ് സെയില്‍സ് ടീമില്‍ നിന്ന് ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്ന് ആപ്പിള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടില്‍ പറയുന്നു. വളരെ കുറച്ച് ജീവനക്കാരെ മാത്രമേ പിരിച്ചുവിടല്‍ ബാധിക്കുകയുള്ളൂവെന്നും മറ്റ് മേഖലകളില്‍ നിയമനങ്ങള്‍ തുടരുന്നുണ്ടെന്നും ആപ്പിള്‍ പറഞ്ഞു. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനാവുമെന്നും ആപ്പിള്‍ പറഞ്ഞു.
യുഎസ് പ്രതിരോധ വകുപ്പ്, നീതിന്യായ വകുപ്പ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സെയില്‍സ് ടീം അംഗങ്ങളെയാണ് നടപടി കാര്യമായി ബാധിച്ചത്. സര്‍ക്കാര്‍ ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വലിയ വാണിജ്യ ഉപഭോക്താക്കള്‍ എന്നിവരെയെല്ലാം കൈകാര്യം ചെയ്തിരുന്ന അക്കൗണ്ട് മാനേജര്‍മാര്‍, എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ബ്രീഫിങ് സെന്ററുകളിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. എത്രപേരെയാണ് പിരിച്ചുവിട്ടതെന്നോ എവിടെയുള്ളവരാണ് അതില്‍ ഉള്‍പ്പെടുന്നതെന്നോ ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.
ആമസോണ്‍, വെരിസോണ്‍, സിനോപ്‌സിസ്, ഐബിഎം പോലുള്ള കമ്പനികള്‍ അടുത്തിടെ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം മറ്റ് കമ്പനികളെ പോലെ വ്യാപകമൊയൊരു പിരിച്ചുവിടല്‍ നീക്കം ആപ്പിളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.



