പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്ഐടിയുടെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്.
എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി വേണ്ടെന്നുമാണ് പത്മകുമാറിൻ്റെ അഭിഭാഷകൻ്റെ വാദം. പത്മകുമാറിനെ നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
വിശ്വാസികളിലും പൊതുസമൂഹത്തിലും വലിയ സംശയങ്ങൾക്കിടയാക്കിയ ശബരിമല സ്വർണ്ണക്കൊള്ളയിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തി പ്രത്യേക അന്വേഷണസംഘം ആലോചിച്ചുറപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.
അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ജസ്റ്റിസ് എ ബദ്ധറുദ്ധീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടിയുള്ളതിനാലാണ് ബെഞ്ച് മാറ്റിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.



