തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് ഇന്ന് കേസെടുക്കും. രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണസംഘം വിശദമായ രേഖപ്പെടുത്തി. ഇവരുടെ പരാതിയും മൊഴിയും പരിശോധിച്ചശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനാണ് ആലോചന. രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്. അതേസമയം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത പരാതി നൽകിയത്. ഫോൺ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി. പീഡനപരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് രാഹുലിന്റെ തീരുമാനം.



