തിരുവനന്തപുരം: നടപ്പാവില്ലെന്ന് എഴുതിത്തള്ളിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും കേരളത്തിൽ യാഥാർത്ഥ്യമായ ഒമ്പതര വർഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ പ്രധാനമാണ് ദേശീയപാതാ വികസനം. 2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചു പോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയി.
ഇന്നത് നിർമ്മാണ പ്രവൃത്തിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ പല പ്രതിബന്ധങ്ങളും വന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം കേന്ദ്രത്തിന് 5580 കോടി രൂപ അങ്ങോട്ട് നൽകേണ്ടി വന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നത്. കിഫ്ബി വഴിയാണ് ഈ തുക സർക്കാർ ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്ബിയുടെ കമ്പോള വായ്പ കേരളത്തിന്റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തത്.
അതായത് ദേശീയപാതക്കായി കിഫ്ബി നൽകിയ തുകയ്ക്ക് തത്തുല്യമായ തുക കേരളത്തിന് അനുവദനീയമായ വായ്പാ തുകയിൽ നിന്ന് വീണ്ടും വെട്ടിക്കുറക്കുന്ന നിലയുണ്ടായി. അങ്ങനെ ഫലത്തിൽ സർക്കാരിന് മുകളിലുള്ള ഭാരം ഏതാണ്ട് 12000 കോടി രൂപയ്ക്ക് അടുത്തായി. പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തി. അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയി.



