തൃശ്ശൂർ: പിഎം ശ്രീ പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ ചരിത്രം രചിക്കുമ്പോൾ പഴയ ചരിത്രരചനയിലെ പൊള്ളത്തരങ്ങൾ കുട്ടികൾ മനസ്സിലാക്കണം. ആർക്ക് വേണ്ടിയാണ് ചരിത്രത്തെ വക്രീകരിച്ച് തെറ്റായി ചിത്രീകരിച്ചത്. തെറ്റായി കുറിച്ച കാര്യങ്ങൾ തിരുത്തി ശരിയായ ചരിത്രം നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും സുരേഷ് ഗോപി.
‘ചെമ്പ് തോണ്ടി നടന്നവന്മാർ ഇപ്പോ എവിടെ പോയി. കരുവന്നൂർ കൊണ്ട് അവസാനിച്ചുവെന്ന് നിങ്ങൾ കരുതേണ്ട. ഈ വിഷയം മുഖ്യമന്ത്രിയെ കണ്ട് പറയാൻ കലുങ്ക് സമയത്തിൽ ഇരുന്ന് പറഞ്ഞിരുന്നു. 100-ലധികം കോടി രൂപ ഇഡിയുടെ കയ്യിലുണ്ട്. അത് തിരിച്ച് കരുവന്നൂർ ബാങ്കിലേക്ക് സ്വീകരിക്കാൻ കോടതിയിലേക്ക് വരാൻ മുഖ്യമന്ത്രിയോട് വരാനായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രിയെ ഒക്കെ എങ്ങിനെ കാണാനാ എന്നായിരുന്നു അവിടെ നിന്ന് ഉയർന്ന് ചോദ്യം. അപ്പോൾ, എന്റെ നെഞ്ചത്തേക്ക് കയറൂ എന്ന് തമാശരൂപത്തിൽ പറഞ്ഞതായി പിന്നീട് വിഷയം. ഇപ്പോഴും ഞാൻ പറയുന്നു. കരുവന്നൂർ ബാങ്ക് ഈ കാശ് സ്വീകരിക്കണം. അത് കണ്ടുകെട്ടി കൊണ്ടുവന്ന കാശാണ്.
ഏതാണ്ട് 280-ഓളം കോഓപ്പറേറ്റീവ് ബാങ്കുകളിൽ ഈ അധമം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മാവേലിക്കരയിൽ പണം ആവശ്യപ്പെട്ടു ചെന്ന ആളുകളെ അവിടെ ജോലി നൽകി ഇരുത്തി. ഇപ്പോൾ, അവർ ആത്മഹത്യയുടെ വക്കിലാണ്. കാരണം, പുറകെ കാശ് ആവശ്യപ്പെട്ടു വരുന്നവർ ഇവരെയാണ് മാനസികമായി പീഡിപ്പിക്കുന്നത്. ഇവർക്കാണെങ്കിൽ, ജോലി വിട്ട് പോകാനും പറ്റുന്നില്ല. കൃത്യമായി ശമ്പളവുമില്ല’.
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ‘എത്ര സ്കൂളുകളിലാണ് ഓടുപൊട്ടി കുഞ്ഞുങ്ങളുടെ തലയിൽ വീണത്. എത്ര കെട്ടിടങ്ങളാണ് കുഞ്ഞുങ്ങൾ ഇല്ലാത്ത സമയത്ത് ഇടിഞ്ഞുവീണത്. പഴയ ചരിത്രം പഠിച്ച് മുന്നോട്ട് പുതിയ ചരിത്രം രചിക്കുമ്പോൾ, അതിന് ഉത്തരവാദപ്പെട്ട കുരുന്നുകൾ അറിയേണ്ട പഴയ ചരിത്രരചനയിലെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും?. അത് അവർ അറിഞ്ഞിരിക്കണം എന്ന് പറയുന്നതുകൂടെയാണ് എൻഇപി.
ആർക്കൊക്കെ വേണ്ടിയാണ് ചരിത്രത്തെ വക്രീകരിച്ച് തെറ്റായി ചിത്രീകരിച്ചത്. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ടതില്ല. നിങ്ങൾ സ്വയം പഠിക്കണം. ക്ഷേത്രങ്ങളെ കൊള്ളയടിച്ചത് ആരാണ്? മതേതരത്വം എങ്ങനെ അവരുടെ തത്വമായി? ഇത് ചരിത്രത്തിൽ കുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ? അത് തെറ്റായി കുറിച്ചിട്ടുണ്ടെങ്കിൽ, നാം അത് തിരുത്തി ശരിയായ ചരിത്രം പുനർരചിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതല്ലേ?’, സുരേഷ് ഗോപി ചോദിച്ചു.



