ഇനി മനുഷ്യര്‍ക്ക് കുളിക്കാനും പാടുപെടേണ്ട. ഒസാകയില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മിറായ് ഹ്യൂമന്‍ വാഷിങ് മെഷീന്‍ ജപ്പാനില്‍ വില്‍പനയ്‌ക്കെത്തി. സയന്‍സ് എന്ന ജാപ്പനീസ് ടെക്ക് കമ്പനിയാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്ന് അറിയപ്പെടുന്ന ഉപകരണം സ്പായ്ക്ക് സമാനമായ അനുഭവമാണ് നല്‍കുക. മനോഹരമായ പാട്ട് കേൾപിച്ചുകൊണ്ട് മുഴുവന്‍ ശരീരവും കഴുകിയെടുക്കാന്‍ ഈ യന്ത്രത്തിന് സാധിക്കും.
ആറ് മാസം നീണ്ടുനിന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ആളുകളുടെ ശ്രദ്ധ ഏറ്റവും അധികം ആകര്‍ഷിച്ച ഉത്പന്നമാണ് ഭാവിയുടെ ഹ്യൂമന്‍ വാഷര്‍ എന്ന് വിളിക്കപ്പെടുന്ന ഈ യന്ത്രം. ഒക്ടോബറില്‍ അവസാനിച്ച പരിപാടിയില്‍ 2.7 കോടിയാളുകളാണ് പങ്കെടുത്തത്. 1970 ല്‍ ഒസാക എക്‌സ്‌പോയില്‍ അവതരിപ്പിച്ച സമാനമായ ഉപകരണത്തിന്റെ ആധുനിക പതിപ്പാണ് ഇത്തവണ സയന്‍സ് കമ്പനി അവതരിപ്പിച്ചത്. സയന്‍സിന്റെ നിലവിലെ പ്രസിഡന്റ് കുട്ടിക്കാലത്ത് അത് കണ്ടിരുന്നു.
ഈ യന്ത്രം ശരീരം മാത്രമല്ല ആത്മാവിനെയും കഴുകിയെടുക്കുമെന്നാണ് കമ്പനി വക്താവ് സാചികെ മേകുര പറയുന്നത്. ആളുകളുടെ ഹൃദയമിടിപ്പ് ഉള്‍പ്പടെയുള്ളവ തിരിച്ചറിയാനാവുന്ന സെന്‍സറുകളോടുകൂടിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഒരു യുഎസ് റിസോര്‍ട്ട് കമ്പനി ഉള്‍പ്പടെ അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങള്‍ ഇതിന് താത്പര്യം അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഒസാകയിലെ തന്നെ ഒരു ഹോട്ടലാണ് ഇത് ആദ്യമായി വാങ്ങിയത്. ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക് ഇത് ഉപയോഗിക്കാനാവും. ജപ്പാനിലെ ഇലക്ട്രോണിക് റീട്ടെയിലര്‍ സ്ഥാപനമായ യമാഡ ഡെന്‍കിയും തങ്ങളുടെ സ്റ്റോറില്‍ സന്ദര്‍ശകരെ വര്‍ധിപ്പിക്കാനായി ഈ ഹ്യൂമന്‍ വാഷിങ് മെഷീന്‍ വാങ്ങിയിട്ടുണ്ട്.
അതേസമയം ആകെ 50 ഹ്യൂമന്‍ വാഷിങ് മെഷീനുകള്‍ മാത്രം നിര്‍മിക്കാനാണ് സയന്‍സിന്റെ തീരുമാനം. ഏകദേശം 6 കോടി യെന്‍ (3.42 കോടി രൂപ)
മെഷീനിന്റെ പ്രവര്‍ത്തനം ഇങ്ങനെ
ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. നിര്‍മിത ബുദ്ധി നിരന്തരം നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുകയും ചെയ്യും. വൈകാരിക തലവും വിശകലനം ചെയ്യുന്ന യന്ത്രം, കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും.



