ചണ്ഡീഗഡ്: യുദ്ധവിമാനങ്ങള്‍ തകരുന്ന സാഹചര്യമുണ്ടായാല്‍ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സംവിധാനം സ്വന്തമായി വികസിപ്പിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. യുദ്ധവിമാനങ്ങള്‍ തകരുന്ന സാഹചര്യമുണ്ടായാല്‍ പൈലറ്റിനെ അതിന്റെ കോക് പിറ്റില്‍ നിന്ന് പുറത്തേക്ക് എത്തിച്ച് സുരക്ഷിതമായി പാരച്യൂട്ടിന്റെ സഹായത്തോടെ നിലത്തിറക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ പരീക്ഷിച്ചത്.
ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയുടെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത്. ട്രാക്കില്‍ സജ്ജീകരിച്ച അതിവേഗത്തില്‍ സഞ്ചരിക്കുന്ന യുദ്ധവിമാനത്തിന്റെ മാതൃകയില്‍ നിന്ന് പൈലറ്റിനെ കോക്പിറ്റില്‍ നിന്ന് ഇജക്ട് ചെയ്യുകയും സീറ്റില്‍ നിന്ന് വേര്‍പെട്ട പൈലറ്റിനെ പാരച്യൂട്ടിന്റെ സഹായത്തോടെ തിരിച്ചിറക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഡിആര്‍ഡിഒ പുറത്തുവിട്ടു. നിര്‍ണായകമായ ഗവേഷണ വിജയത്തിന് ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
നിലവില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ പൈലറ്റിനെ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിക്കാനായി വിദേശ രാജ്യങ്ങളുടെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഡിആര്‍ഡിഒ വികസിപ്പിച്ച സംവിധാനം പൂര്‍ണമാകുന്നതോടെ ഇക്കാര്യത്തിലെ വിദേശ ആശ്രിതത്വം അവസാനിപ്പിക്കാനാകും.
പരീക്ഷണത്തില്‍, കനോപ്പി വേര്‍പെടുത്തല്‍, ഇജക്ഷന്‍ ക്രമം, പൈലറ്റിനെ രക്ഷിക്കല്‍ എന്നീ കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പ്രത്യേകമായി സജ്ജീകരിച്ച ട്രാക്കില്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ച യുദ്ധവിമാന മാതൃകയില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. നിശ്ചലമായിരിക്കുന്ന ഒരു വിമാനത്തില്‍ നിന്ന് പരീക്ഷിക്കുന്ന നെറ്റ് ടെസ്റ്റ് അല്ലെങ്കില്‍ സീറോ-സീറോ ടെസ്റ്റ് പോലുള്ള സ്റ്റാറ്റിക് പരീക്ഷണങ്ങളെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ് ഇത്തരം ഡൈനാമിക് ഇജക്ഷന്‍ പരീക്ഷണങ്ങള്‍. ഇജക്ഷന്‍ സീറ്റിന്റെ പ്രകടനവും കനോപ്പി വേര്‍പെടുത്തല്‍ സംവിധാനത്തിന്റെ കാര്യക്ഷമതയും കൃത്യമായി വിലയിരുത്താന്‍ ഈ പരീക്ഷണത്തിലൂടെ സാധിക്കും.



