പലതരം തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ആള്‍മാറാട്ടം നടത്തി പണം തട്ടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒരു തട്ടിപ്പുകാരനെ ചാറ്റ് ജിപിടിയുടെ സഹായത്തില്‍ കുടുക്കിയിരിക്കുകയാണ് ഡല്‍ഹി സ്വദേശി. കുറ്റവാളിയുടെ ലൊക്കേഷനും ചിത്രവും വരെ കണ്ടെത്തി പുറത്തുവിട്ടിരിക്കുകയാണ് യുവാവ്. തട്ടിപ്പുകാരനുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചു.
തട്ടിപ്പുകാരന്റെ ആദ്യ സന്ദേശം
യുവാവിന്റെ കോളേജിലെ ഒരു സീനിയറുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാരന്‍ ഫേസ്ബുക്കിലൂടെ യുവാവിനെ ആദ്യം ബന്ധപ്പെട്ടത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ഒരു സുഹൃത്ത് സ്ഥലംമാറുകയാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ സീനിയറിന്റെ പക്കല്‍ തന്റെ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് അറിയുമായിരുന്ന യുവാവിന് സംഭവം തട്ടിപ്പാണെന്ന് മനസിലായി. ഇതോടെ അയാള്‍ക്ക് ഒരു പണികൊടുക്കാന്‍ തീരുമാനിച്ചു.
പിന്നീട് പണം ചോദിച്ച് അയാള്‍ ഒരു ക്യുആര്‍ കോഡ് അയച്ചു. ഒരു ആര്‍മി പ്രൊഫൈല്‍ ചിത്രമുള്ള നമ്പറില്‍ നിന്നാണ് ഇത് അയച്ചത്. എന്നാല്‍ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പ്രശ്‌നങ്ങളുണ്ടെന്നും അയക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞ് ഡല്‍ഹി സ്വദേശി പണം അയച്ചില്ല.
ചാറ്റ് ജിപിടിയുടെ സഹായം
ഈ ചാറ്റുകള്‍ക്കിടെ യുവാവ് ചാറ്റ് ജിപിടി ഉപയോഗിച്ച് ലളിതമായൊരു ഒരു വെബ് പേജ് വികസിപ്പിച്ചു. ഇതിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുന്നത് ആരാണോ അയാളുടെ ജിപിഎസ് ലൊക്കേഷന്‍ കണ്ടെത്താനും ഡിവൈസിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ചിത്രം എടുക്കാനും സാധിക്കും വിധമാണ് ഈ വെബ് പേജ് ഒരുക്കിയത്. ഈ ട്രാക്കര്‍ പേജ് തയ്യാറായതോടെ ലിങ്ക് തട്ടിപ്പുകാരന് അയച്ചുകൊടുത്തു. ആ ലിങ്കില്‍ കയറി ക്യുആര്‍ കോഡ് അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
പണം തട്ടാനുള്ള ആര്‍ത്തിയില്‍, തട്ടിപ്പുകാരന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഉടന്‍ തന്നെ വെബ് പേജ് പഠിപ്പിച്ച പണി നന്നായി ചെയ്തു. തട്ടിപ്പുകാരന്റെ ജിപിഎസ് ലൊക്കേഷന്‍ ഐപി അഡ്രസ് എന്നിവ കണ്ടെത്തുകയും തട്ടിപ്പുകാരന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു.
പിന്നീട്, ഈ ചിത്രവും ലൊക്കേഷന്‍ വിവരവും യുവാവ് തട്ടിപ്പുകാരന് അയച്ചുകൊടുത്തു. രാജസ്ഥാന്‍ പോലീസിനെ ലൊക്കേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും ജയില്‍ ജീവിതം ആസ്വദിച്ചോളൂ എന്നുമുള്ള സന്ദേശവും അയച്ചു. ഇതോടെ തട്ടിപ്പുകാരന് കാര്യം മനസിലായി. അസ്വസ്ഥനായ ഇയാള്‍ പിന്നീട് ക്ഷമാപണം നടത്തിയുള്ള നിരവധി സന്ദേശങ്ങള്‍ അയച്ചകൊണ്ടിരുന്നു. നിരവധിയാളുകളാണ് ഇതിനെ അഭിനന്ദിച്ച് രംഗത്തുവന്നത്.
ഇതൊരു അവസരമായി കരുതേണ്ട !
ചാറ്റ് ജിപിടി ഉപയോഗിച്ച് വെബ്‌പേജുകള്‍ ഒരുക്കാനുള്ള സൗകര്യം നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്. എന്നാല്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരു ട്രാക്കര്‍ വെബ്‌സൈറ്റ് നിര്‍മിക്കുക എളുപ്പമല്ല. അത് ചെയ്യണമെങ്കില്‍ വെബ് സൈറ്റ് നിര്‍മിച്ച് ഹോസ്റ്റ് ചെയ്യാന്‍ അറിയുന്ന ഐടി പശ്ചാത്തലമുള്ള ആരെങ്കിലും ആയിരിക്കണം. ഈ ഡല്‍ഹി സ്വദേശി അത്തരം ഒരാളായിരിക്കാം. അതുകൊണ്ട് അപരിചിതരെ ട്രാക്ക് ചെയ്യാമെന്ന് വിചാരിച്ച് ചാറ്റ് ജിപിടിയോട് ട്രാക്കര്‍ വെബ്‌സൈറ്റ് നിര്‍മിച്ചുതരാന്‍ പറഞ്ഞാല്‍ അത് സാധിക്കണം എന്നില്ല.



