ക്വാലലംപുർ: 11 വർഷം മുൻപ് യാത്രയ്ക്കിടെ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 നു വേണ്ടി കടലിനടിയിൽ തിരച്ചിൽ ഈ മാസം 30നു പുനരാരംഭിക്കും.
യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റി റോബട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്നു മലേഷ്യ സർക്കാർ അറിയിച്ചു. ഇന്ത്യൻ സമുദ്രത്തിൽ 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ 55 ദിവസം നീളും.
2014 മാർച്ച് 8നു ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറന്നുയർന്ന ബോയിങ് 777 വിമാനം താമസിയാതെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 239 പേരാണു വിമാനത്തിലുണ്ടായിരുന്നത്. സഞ്ചാരപാത മാറി പറന്ന വിമാനം ഇന്ത്യൻ സമുദ്രത്തിൽ തകർന്നുവീണെന്നാണു നിഗമനം.
കിഴക്കൻ ആഫ്രിക്കൻ തീരത്തു ചില വിമാനഭാഗങ്ങൾ അടിഞ്ഞെങ്കിലും വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. 2018 ൽ ഓഷൻ ഇൻഫിനിറ്റി നടത്തിയ തിരച്ചിലും വിജയിച്ചില്ല.



