ന്യൂഡൽഹി : വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഡിസംബർ 10നും 15നും ഇടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസുകളുടെ ബാഹുല്യം കാരണമാണ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മാത്രം ഇൻഡിഗോയുടെ 1000ലേറെ സർവീസുകളാണ് മുടങ്ങിയത്. പ്രതിദിന ആകെ സർവീസുകളുടെ പകുതിയിലധികം വരുമിത്. റദ്ദാക്കൽ 1000നു താഴേക്കു കൊണ്ടുവരാനാണ് ശ്രമം.
ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. നൂറുകണക്കിന് ഹോട്ടൽ മുറികൾ ഇതിനായി തയാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്ക് ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു. യാത്ര പുറപ്പെടുന്നതിനു മുമ്പ് വെബ്സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. സർവീസ് റദ്ദാക്കിയെങ്കിൽ വിമാനത്താവളത്തിലേക്കു വരരുതെന്നും ഇൻഡിഗോ അറിയിച്ചു.



