ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ വിമാന പ്രതിസന്ധി നിലനിൽക്കുമെങ്കിലും ആയിരത്തിൽ താഴെ വിമാനങ്ങൾ മാത്രമേ റദ്ദാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 10 നും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും സിഇഒ പറഞ്ഞു. പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടതിനാൽ ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകും. ഇന്നലെ യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും ഇന്ന് സൗകര്യമൊരുക്കി. പുനക്രമീകരണത്തിനായിയാണ് ഇന്ന് ആയിരത്തിലധികം സർവീസുകൾ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആയിരത്തിലധികം സർവീസുകൾ ഇൻഡിഗോ റദ്ദാക്കി. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദായി. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളാണ് ഇൻഡിഗോയിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.



