പനാജി : ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം. 23പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ നാല് വിദേശികളുമുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരിൽ 3 സ്ത്രീകളും 20 പുരുഷൻമാരുമുണ്ട്. ‘‘റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. ഗോവയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ സുരക്ഷാ ഓഡിറ്റ് നടത്തും. ഇനി ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ നടപടികളെടുക്കും’’– ബിജെപി എംഎൽഎ മൈക്കിൾ ലോബോ മാധ്യമങ്ങളോട് പറഞ്ഞു.
‘‘സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണവും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിട നിയമങ്ങളും പാലിച്ചിരുന്നോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർ കർശനമായ നടപടി നേരിടേണ്ടിവരും’’–മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.



