എലികളുടെ തലച്ചോറിന്റെ വെര്‍ച്വല്‍ മോഡല്‍ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. അമേരിക്കയിലെ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജപ്പാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ-കമ്മ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത്.
തലച്ചോറിന്റെ ഭാഗമായ കോര്‍ട്ടെക്‌സിന്റെ ഒരു മുഴുവന്‍ ഭാഗവും സംഘം വിജയകരമായി സൃഷ്ടിച്ചെടുത്തു. എലികളുടെ തലച്ചോറ് മനുഷ്യന്റേതിനെക്കാള്‍ വളരെ ചെറുതും ലളിതവുമാണെങ്കിലും അവതമ്മില്‍ ഘടനാപരമായ സാമ്യങ്ങളുണ്ട്. അതിനാല്‍ ഭാവി ഗവേഷണങ്ങള്‍ക്ക് മോഡല്‍ വിലപ്പെട്ടതായി മാറും. അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്നും ഈ ഘട്ടത്തില്‍ തലച്ചോറ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും പഠിക്കാന്‍ ഗവേഷകര്‍ക്ക് ഈ വെര്‍ച്വല്‍ മോഡല്‍ പുതിയ വഴികള്‍ തുറക്കും.
യഥാര്‍ത്ഥ എലികളുടെ തലച്ചോറിലെ നിലക്കടലയുടെ വലുപ്പമുള്ള സ്ഥലത്ത് ഏകദേശം 700 ലക്ഷം ന്യൂറോണുകളാണ് നിറഞ്ഞിരിക്കുന്നത്. എന്നാല്‍ 90 ലക്ഷം ന്യൂറോണുകളും അവ വിവരങ്ങള്‍ കൈമാറുന്ന 2600 കോടി സിനാപ്സുകളും ഉള്‍ക്കൊള്ളുന്നതാണ് ശാസ്ത്രസംഘം വികസിപ്പിച്ച വെര്‍ച്വല്‍ തലച്ചോര്‍. ഒരു സൂപ്പര്‍കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും.
തലച്ചോറിന്റെ പ്രവര്‍ത്തനം വിസ്മയകരമായ വിശദാംശങ്ങളോടെ നിരീക്ഷിക്കാന്‍ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവനുള്ള തലച്ചോറില്‍ നടത്താന്‍ കഴിയാത്ത പല പരീക്ഷണങ്ങളും നടത്താന്‍ ഇത് അവസരം ഒരുക്കുമെന്നും നാഡീസംബന്ധമായ തകരാറുകളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ SC25 സൂപ്പര്‍കമ്പ്യൂട്ടിങ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.



