നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിച്ച വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലഞ്ഞത് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാരും റെയില്‍വേ ജീവനക്കാരും. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി തോന്നിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ച എഐ ചിത്രമാണ് പ്രചരിച്ചത്. പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചയുടന്‍ റെയില്‍വേ അധികൃതര്‍ അതുവഴിയുളള തീവണ്ടി ഗതാഗതം അടിയന്തരമായി നിര്‍ത്തിവെച്ചു.
ബ്രിട്ടനിലെ ലാന്‍കാഷെയര്‍, സതേണ്‍ ലേക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ലങ്കാസ്റ്ററിലെ കാര്‍ലൈല്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്ന വ്യാജ ചിത്രമാണ് പ്രചരിച്ചത്. റെയില്‍ അധികൃതര്‍ക്ക് പുലര്‍ച്ചെ 12:30-ന് പാലം തകര്‍ന്നുവെന്ന തരത്തിലുളള വിവരം ലഭിച്ചു. ഇതോടെ സുരക്ഷാ പരിശോധനകള്‍ക്കായി പാലത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തിവെച്ചു. പിന്നീട് റെയില്‍വേ അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷം പുലര്‍ച്ചെ രണ്ടോടെയാണ് റെയില്‍വേ ലൈന്‍ പൂര്‍ണമായി തുറക്കാനും ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും കഴിഞ്ഞത്. അതിനിടെ ചിത്രം വ്യാജമാണെന്ന ലേഖകര്‍ കണ്ടെത്തിയതായി ബിബിസി അവകാശപ്പെടുന്നു.
വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് അതിന്റെ ഗൗരവമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് സംഭവത്തിന് പിന്നാലെ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും നികുതിദായകര്‍ നല്‍കുന്ന പണം പാഴാകുകയും ചെയ്തുവെന്ന് റെയില്‍വേ വക്താവ് ചൂണ്ടിക്കാട്ടി. റെയില്‍വേ സംവിധാനം തടസമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ രാപകല്‍ കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരുടെ ജോലിഭാരവും ഇതുമൂലം വര്‍ധിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണന. അതിനാല്‍ സുരക്ഷാ ആശങ്കകളോട് ഗൗരവമായി പ്രതികരിക്കും. സംഭവം ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.
വ്യാജ വാര്‍ത്ത കാരണം 32 പാസഞ്ചര്‍ – ചരക്ക് ട്രെയിനുകള്‍ വൈകിയതായി റെയില്‍വെ അറിയിച്ചു. പാലത്തില്‍ സുരക്ഷാ പരിശോധന നടത്താന്‍ റെയില്‍വെ പ്രത്യേക ടീം രൂപവത്കരിക്കുകയും അവരെ സംഭവ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.



