വാഷിങ്ടണ്‍: തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ‘എക്‌സി’ന് 14 കോടി ഡോളര്‍ (1260 കോടി രൂപ) പിഴ ചുമത്തിയതിനുപിന്നാലെ യൂറോപ്യന്‍ യൂണിയനെതിരേ തിരിഞ്ഞ് ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ യൂണിയന്‍ റദ്ദുചെയ്യണമെന്ന് മസ്‌ക് ‘എക്‌സി’ല്‍ കുറിച്ചു.
”ഇ.യു. നിര്‍ത്തലാക്കുകയും പരമാധികാരം വ്യക്തിഗതരാജ്യങ്ങള്‍ക്ക് തിരികെ നല്‍കുകയും വേണം. അതുവഴി സര്‍ക്കാരുകള്‍ക്ക് അവരുടെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനാവും. യൂറോപ്പിനെ ഞാന്‍ ഇഷ്ടപ്പെടുന്നു പക്ഷേ ഇ.യു. എന്ന അധികാരരാക്ഷസനെ അംഗീകരിക്കാനാവില്ല” -മസ്‌ക് പറഞ്ഞു.
എക്‌സിനെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇ.യു. നടത്തിയ അന്വേഷണത്തിനുശേഷമാണ് ഡിജിറ്റല്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്. ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡിഎസ്എ) പ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകള്‍ ലംഘിച്ചെന്നാണ് ആരോപണം. നടപടിക്കെതിരേ ട്രംപ് ഭരണകൂടം രംഗത്തുവന്നു.



