ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകൾക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കമ്പനിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിസന്ധി രൂക്ഷമാകും വരെ ഇടപെടാൻ മടിച്ചതെന്തുകൊണ്ടെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു.
ഈമാസം മൂന്നാം തീയതി മുതൽ രാജ്യവ്യാപകമായി സർവീസുകൾ മുടക്കിയുള്ള പ്രതിസന്ധി കേന്ദ്രസർക്കാറിനെ സമ്മർദത്തിലാക്കാനുള്ള ഇൻഡിഗോയുടെ തന്ത്രമായിരുന്നുവെന്ന സൂചനകൾക്കിടെയാണ് കേന്ദ്രം നടപടി കടുപ്പിക്കുന്നത്. 8 സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരടങ്ങുന്ന സംഘമാകും കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുക.



