തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. 19 വരെ എട്ടു ദിവസമായാണ് ചലച്ചിത്രമേള നടക്കുക.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ മേളയുടെ ഭാഗമാകും. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്കാണ്.



