കൊല്ലം: സമീപകാലത്തെ കോടതി വിധികളും കോടതികളുടെ നിലപാടുകളും ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തതും പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തതുമായ കോടതിനടപടി ശരിയാണ്. എന്നാൽ, ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് നീതിന്യായവ്യവസ്ഥ ജാമ്യം നൽകിക്കൊണ്ടേയിരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ കോടതിയിൽനിന്നുണ്ടായ വിധി കേരളത്തെ ഞെട്ടിച്ചു. എല്ലാ കുറ്റവാളികൾക്കും ശിക്ഷ ലഭിക്കാനുള്ള ഉറച്ച നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കടത്തു കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതികൾക്കെതിരേ ഉചിതമായ പാർട്ടി നടപടിയുണ്ടാകും. ദേവസ്വംബോർഡ് പ്രസിഡന്റടക്കമുള്ള പദവികളിൽ ജാഗ്രതയോടെയാണ് പാർട്ടി നേതാക്കളെ നിയോഗിക്കുന്നത്. എന്നാൽ, ചുമതലയേറ്റെടുക്കുന്നവർ ജാഗ്രത പുലർത്തുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



