തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.



