തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പിച്ചതിന് പിന്നാലെ മേയർ ആരാകുമെന്ന ചർച്ച ആരംഭിച്ചു. പ്രചാരണം ആരംഭിച്ച സമയത്തുതന്നെ ബിജെപി സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവായ വി വി രാജേഷിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖയുടെയും പേരുകളാണ് മേയർ സ്ഥാനത്തേയ്ക്ക് ഉയർന്നുവന്നിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും പരിചയസമ്പത്തും രാജേഷിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആർഎസ്എസിൽ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണ് ബിജെപി. ഡെപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് ആർ ശ്രീലേഖയും ജി എസ് മഞ്ജുവുമാണ് പരിഗണനയിലുള്ളത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ബിജെപിയുടെ മുന്നേറ്റം. 50 സീറ്റ് നേടിയ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവാണുള്ളത്. കഴിഞ്ഞ തവണ 34 ഉണ്ടായിരുന്ന സീറ്റ് നിലയിൽ നിന്നായിരുന്നു ബിജെപിയുടെ കുതിച്ചുചാട്ടം.



