യുഎഇയില്‍ ജോലി തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. മിഡ് ഓഷ്യന്‍ സര്‍വകലാശാല നല്‍കുന്ന അക്കാദമിക് യോഗ്യതകള്‍ക്ക് ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ മിഡ് ഏഷ്യന്‍ സര്‍വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുജൈറ ഫ്രീ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിന്റെ അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം പിന്‍വലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.



