പത്തനംതിട്ട: സിപിഎം മൂടു താങ്ങികളുടെ പാർട്ടിയായെന്ന് മുൻ എംഎൽഎയും സിഐടിയു സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.സി. രാജഗോപാലൻ. വി.എസിന്റെ കാലത്താണെങ്കിൽ ഇത്തരം മൂട് താങ്ങികൾ വളരില്ല. മാറ്റം വരുത്തിയാൽ പാർട്ടി വിജയിക്കും. ഏരിയ സെക്രട്ടറി തന്റെ കാലുവാരി എന്ന ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുകയാണ്. താൻ വി.എസ്. പക്ഷത്ത് നിന്നത് ആശയത്തിന്റെ പേരിലാണ്. അതിന്റെ പേരിൽ കാലുവാരുകയും വെട്ടിനിരത്തുകയും ചെയ്തിട്ടുണ്ട്. പാർട്ടി ചോദിച്ചാൽ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു കെ.സി. രാജഗോപാലൻ. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ രാധാചന്ദ്രനെ പരാജയപ്പെടുത്തിയത്. നിലവിൽ സിഐടിയു സംസ്ഥാനകമ്മിറ്റി അംഗമാണ്.



