കൊച്ചി: മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി ഫെമ (FEMA) നടപടികള്‍ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെമ നിയമലംഘനത്തിനെതിരെ ഇഡി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസും അതിന്റെ തുടര്‍നടപടികളും റദ്ദാക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം.
വിഷയത്തില്‍ ഇഡിക്കെതിരെ കിഫ്ബി നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രിയും കിഫ്ബി സിഇഒയും നല്‍കിയിരിക്കുന്ന ഹര്‍ജിയിലും വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ കിഫ്ബി നല്‍കിയ അപേക്ഷ പ്രകാരം ഹൈക്കോടതി ഇഡി നടപടികള്‍ക്ക് മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉച്ചയോടുകൂടി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇഡിയുടെ നടപടികള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചോദ്യം ചെയ്ത് ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ലെന്നും, ഒരു പൂര്‍ണ്ണ സ്റ്റേ വരുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ നടപടികളാണ് റദ്ദാക്കപ്പെടുന്നത് എന്നുമായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ ഫെമ നിയമലംഘനം ചോദ്യം ചെയ്തുള്ള ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത് രണ്ട് ഹര്‍ജികളിലെ നിയമനടപടികള്‍ ആയിരിക്കും. ഒരു ഹര്‍ജി സിംഗിള്‍ ബെഞ്ചും മറ്റൊന്ന് ഡിവിഷന്‍ ബെഞ്ചുമാണ് പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ മുന്നിലേക്ക് എത്തും, അതോടൊപ്പം സ്റ്റേ നല്‍കിയ ഉത്തരവിനെതിരെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച അപ്പീലും ഹൈക്കോടതിയുടെ മുന്നിലേക്ക് എത്തും.



