കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ നിലപാട് അറിയിക്കും. രാഹുലിനെതിരായ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും മതിയായ തെളിവുണ്ടെന്നുമാണ് പൊലീസിന്റെ വാദം.
നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.



