കോട്ടയം: ജനസമ്മതി നഷ്ടപ്പെട്ട പിണറായി സർക്കാർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ സംസ്ഥാനത്ത് ഭരണസ്തംഭനം ഒഴിവാക്കാനുള്ള വെറും ‘കെയർടേക്കർ’ സർക്കാർ മാത്രമായി മാറിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം പരിമിതമായിട്ടും പുതിയ പ്രഖ്യാപനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
ശബരിമല കൊള്ളയിൽ ഉൾപ്പെട്ട രണ്ട് ദേവസ്വംബോർഡ് പ്രസിഡന്റുമാർ ഇപ്പോഴും പാർട്ടി അംഗങ്ങളായി കമ്മിറ്റിയിൽ തുടരുകയാണ്. കൊള്ളയെ ന്യായീകരിച്ച് ഇവരുടെ അംഗത്വം നിലനിർത്തിയിരിക്കുകയാണ്. ആരെതിർത്താലും ഇവരെ സംരക്ഷിക്കുമെന്ന് സന്ദേശമാണ് പാർട്ടി പുറത്തേയ്ക്കുവിടുന്നത്. കൊള്ളക്ക് ഉത്തരവാദിത്വം പറയേണ്ടത് സർക്കാരാണ്. എന്നാൽ ദേവസ്വംമന്ത്രിയും ബോർഡും മറ്റ് സർക്കാർ സംവിധാനങ്ങളും പോറ്റിക്കുമുന്നിൽ മുട്ടുമടക്കിനിൽക്കുന്നതാണ് സംസ്ഥാനം കണ്ടത് -തിരുവഞ്ചൂർ പറഞ്ഞു.



