ന്യൂഡൽഹി : കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതായ 66 വിമാനങ്ങളും പുറപ്പെടേണ്ടതായ 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
‘‘ഡൽഹി വിമാനത്താവളത്തിൽ നിലവിൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്’’, ഡൽഹി വിമാനത്താവളം ഓപ്പറേറ്റർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിദിനം 1,300 വിമാന സർവീസുകളാണ് നടക്കുന്നത്.



