ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ. ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ മുരളീധരന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം.
ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകും. സീറ്റ് വച്ചു മാറൽ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാക്കാനാണ് ആലോചന. ജനുവരി ആദ്യ വാരത്തോടെ ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് കെപിസിസി കെ മുരളീധരന് നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഗുരുവായൂരിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇതാണ് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള അനുകൂല ഘടകം.
നിലവിൽ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റാണിത്. പ്രാഥമിക ഘട്ടത്തിൽ സീറ്റ് വെച്ച് മാറുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. അന്തിമ തീരുമാനമാണ് ഇനി വരാനുള്ളത്. വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് സർപ്രൈസ് സ്ഥാനാർഥികളുണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുക. ജയസാധ്യത നോക്കി സീറ്റുകൾ വെച്ച് മാറാനും ധാരണയായിട്ടുണ്ട്. ഇങ്ങനെയാണ് ലീഗിന് പട്ടാമ്പി സീറ്റ് നൽകി ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നത്.



