യുഎഇയില്‍ ഇനി വരാനിരിക്കുന്നത് അതി ശൈത്യത്തിന്റെ നാളുകളാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. യുഎഇയില്‍ രണ്ട് ദിവസങ്ങളിലായി പെയ്ത മഴക്ക് പിന്നാലെ താപനിലയില്‍ വലിയ കുറവാണ് ഉണ്ടായത്. രാത്രികാലങ്ങളില്‍ ശക്തമായ തണുപ്പാണ് ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെ മുതല്‍ മിക്കയിടങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരുന്നു കാണാനായത്. രാത്രികാലങ്ങളിലെ രാജ്യത്തെ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലും പര്‍വ്വതനിരകളിലും ഇപ്പോള്‍ തന്നെ തണുപ്പ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. താപനില കുറയുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.



