Tuesday, December 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിയറ്റ്‌നാം, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളുമായി 4,000 കോടി രൂപയുടെ ബ്രഹ്‌മോസ് മിസൈൽ കരാറിനൊരുങ്ങി ഇന്ത്യ

വിയറ്റ്‌നാം, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളുമായി 4,000 കോടി രൂപയുടെ ബ്രഹ്‌മോസ് മിസൈൽ കരാറിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി വിയറ്റ്‌നാം, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്‌മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക്. ഏകദേശം 4,000 കോടി രൂപയുടെ കരാറാണ് ഇരുരാജ്യങ്ങളുമായി ഒപ്പുവയ്ക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്‌. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ബ്രഹ്‌മോസിലെ പങ്കാളിയായ റഷ്യയും അനുമതി നൽകിയതോടെയാണ് കരാർ യാഥാർഥ്യമാകാനൊരുങ്ങുന്നത്.

ഡിസംബർ 4-ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യ ഇതിന് വാക്കാലുള്ള ഉറപ്പ് നൽകിയിരുന്നു. ഔദ്യോഗികമായ അനുമതി പത്രം (No-objection certificate) മോസ്‌കോയിൽ നിന്ന് ഉടൻ ലഭിക്കുമെന്നാണ് സൂചന.

ദക്ഷിണ ചൈനാ കടലിൽ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങാനൊരുങ്ങുന്നത്. ദക്ഷിണ ചൈനാ കടലിലെ അവകാശവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാമിനും ഇൻഡൊനീഷ്യയ്ക്കും തർക്കങ്ങളുണ്ട്. ഇത് തുടരുന്നതിനിടെയാണ് തീരസുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ ആയുധങ്ങൾ വാങ്ങാനൊരുങ്ങുന്നത്. ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന രാജ്യമായി ഇന്ത്യ ഉയർന്നുവരുന്നതിന് ഇരുരാജ്യങ്ങളുമായുള്ള ബ്രഹ്‌മോസ് ഇടപാട് സഹായിക്കും.

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ (Mach 2.8) സഞ്ചരിക്കുന്ന ലോകത്തിലെ തന്നെ മികച്ച സൂപ്പർസോണിക് ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. ഇതിന്റെ 290 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന മിസൈലുകളാകും ഇരുരാജ്യങ്ങൾക്കും ഇന്ത്യ നൽകുക. ഫിലിപ്പീൻസാണ് ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് വാങ്ങിയ ആദ്യ രാജ്യം. ഇതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങളും മിസൈൽ വാങ്ങാനെത്തുന്നത്.

2024 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയിൽ പാകിസ്താനെ വിറപ്പിച്ച ആയുധമാണ് ബ്രഹ്‌മോസ്. സുഖോയ് -30 എംകെഐ വിമാനത്തിൽനിന്ന് തൊടുത്ത ബ്രഹ്‌മോസ് മിസൈലുകൾ പാക് സൈനിക താവളങ്ങളെ തകർത്തിരുന്നു. 2028-ഓടെ 800 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്‌മോസിന്റെ പുതിയ പതിപ്പും പുറത്തിറങ്ങും.

ബ്രഹ്‌മോസിന് പുറമെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച മറ്റ് ആയുധങ്ങൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ആകാശ് വ്യോമപ്രതിരോധ സംവിധാനം, പിനാക മൾട്ടിബാരൽ റോക്കറ്റ് സംവിധാനം, അഡ്വാൻസ്ഡ് ടോയ്ഡ് ആർട്ടിലറി ഗൺ എന്നിവയ്ക്കാണ് കൂടുതൽ അന്വേഷണങ്ങൾ വരുന്നത്. ഡ്രോണുകളെയും വിമാനങ്ങളെയും തകർക്കാൻ ശേഷിയുള്ള ആകാശ് വ്യോമപ്രതിരോധ സംവിധാനം നിലവിൽ അർമേനിയ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പിനാക റോക്കറ്റ് സംവിധാനവും അർമേനിയ വാങ്ങിയിട്ടുണ്ട്. വിയറ്റ്‌നാം, ബ്രസീൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളും പിനാകയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യവും ഇന്ത്യ വികസിപ്പിക്കുന്ന പുതിയ ശക്തിയേറിയ പിനാകയിൽ താത്പര്യമറിയിച്ചിട്ടുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 23,622 കോടി രൂപയിൽ എത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 31 ഇരട്ടി വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ 2029-ഓടെ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments