ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ബാഹുബലി റോക്കറ്റ്. യുഎസിലെ എഎസ്ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) വിവരവിനിമയ ഉപഗ്രഹമായ ബ്ലൂ ബേഡ് 6 (BlueBird 6) വിക്ഷേപണത്തിന് ഒരുങ്ങുകയാണ് ഐഎസ്ആർഒയുടെ എൽവിഎം 3 റോക്കറ്റ്. 6100 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂ ബേഡ്. ഒരു ഇന്ത്യൻ റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡ് ആണിതെന്ന് ഐഎസ്ആർഒ മേധാവി വി നാരായണൻ പറഞ്ഞു. ഡിസംബർ 24 ന് രാവിലെ 8.54 ന് വിക്ഷേപണം നടക്കും.
പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ സാധാരണ സ്മാർട്ഫോണുകളിലേക്ക് ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായാണ് ബ്ലൂബേഡ് ഉപഗ്രഹം ഒരുക്കിയിരിക്കുന്നത്.
ബ്ലൂ ബേഡ് ഉപഗ്രഹത്തിന് 2200 ചതുരശ്രമീറ്റർ വലിപ്പമുള്ള അരേ ആന്റിനകളുണ്ട്. ലോ എർത്ത് ഓർബിറ്റിൽ ഇത്രയും വലുത് ആദ്യമാണ്. ഇതുവഴി മുൻഗാമികളേക്കാൾ പത്തിരട്ടി ഡാറ്റാ ശേഷി കൈവരിക്കാൻ ഉപഗ്രഹത്തിനാവും.
2026 അവസാനത്തോടെ 45 മുതൽ 60 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎസ്ടി സ്പേസ് മൊബൈലിന്റെ പദ്ധതി. ആഗോള തലത്തിൽ ബഹിരാകാശത്ത് നിന്ന് നേരിട്ട് 5ജി ബ്രോഡ്ബാൻഡ് എത്തിക്കാൻ ഇതുവഴിയാവും. പദ്ധതി നിലവിൽ വരുന്നതോടെ കണക്ടിവിറ്റി സംവിധാനങ്ങൾ അടിമുടി മാറുന്ന കാലം വരും. ടവറുകളോ, ആന്റിനകളോ ഇല്ലാതെ തന്നെ ഭൂമിയിൽ എവിടെ നിന്നും സ്മാർട്ഫോണിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാനാകും.
സ്റ്റാർലിങ്ക്, വൺ വെബ് പോലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളുടെ നിലവിലെ പ്രവർത്തന രീതിയെ വെല്ലുവിളിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഈ കമ്പനികൾ ഭൂമിയിൽ സ്ഥാപിക്കുന്ന പ്രത്യേകം ടെർമിനലുകളും ഗ്രൗണ്ട് സ്റ്റേഷനുകളും ഉപയോഗിച്ചാണ് ഉപഗ്രഹ ഇന്റർനെറ്റ് വിന്യസിക്കുന്നത്. ഇതിനായി പതിനായിരത്തിനടുത്ത് ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. എന്നാൽ ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സ്മാർട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനാവുമെന്നതാണ് എഎസ്ടി സ്പേസ്മൊബൈൽ സാങ്കേതികവിദ്യയെ വേറിട്ടതാക്കുന്നത്.
43.5 മീറ്റർ ഉയരവും 640 ടൺ ഭാരവുമുള്ള ബഹിരാകാശ റോക്കറ്റാണ് എൽവിഎം 3. ഏറ്റവും ശക്തിയേറിയ റോക്കറ്റായതിനാലാണ് ബാഹുബലി എന്ന വിളിപ്പേര് നൽകിയത്. ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4200 കിലോഗ്രാം ഭാരവും ലോ എർത്ത് ഓർബിറ്റിലേക്ക് അതിൽ കൂടുതൽ ഭാരവും വഹിക്കാൻ എൽവിഎം 3 യ്ക്ക് സാധിക്കും.
കഴിഞ്ഞ ഏഴ് വിക്ഷേപണ ദൗത്യങ്ങളിലൂടെ 100 ശതമാനം വിജയസാധ്യതയുള്ള റോക്കറ്റായി എൽവിഎം 3 മാറിക്കഴിഞ്ഞു. 2023 ലെ ചന്ദ്രയാൻ 3 പേടക വിക്ഷേപണവും അക്കൂട്ടത്തിലുണ്ട്.
വൻ കിട വാണിജ്യ വിക്ഷേപണ രംഗത്തേക്കുള്ള ഇന്ത്യയുടെ ശക്തമായ കടന്നുവരവായിരിക്കും ഈ വിക്ഷേപണ ദൗത്യം. സ്പേസ് എക്സ്, ഏരിയൻസ്പേസ്, റോസ്കോസ്മോസ് പോലുള്ള ഏജൻസികളോട് മത്സരിക്കാനും ശതകോടിക്കണക്കിന് മൂല്യമുള്ള ഈ രംഗത്ത് മുൻനിരയിലെത്താനും ദൗത്യത്തിലൂടെ ഐഎസ്ആർഒയ്ക്ക് സാധിക്കും.



