ബ്രസീലിൽ തേഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്ന് ഐഒഎസ് ഉപകരണങ്ങളിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകി ആപ്പിൾ. 2026 മുതൽ ഈ മാറ്റം നിലവിൽവരും. തേഡ‍് പാർട്ടി ആപ്പ്സ്റ്റോറുകൾ അനുവദിക്കുന്നതിനൊപ്പം ഡെവലപ്പർമാർക്ക് ആപ്പ് വഴിയുള്ള പണമിടപാടുകൾക്ക് പുറത്തുനിന്നുള്ള പേമെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാനും അനുവാദം നൽകും. ഇതുമായി ബന്ധപ്പെട്ട ടേം ഓഫ് കമ്മിറ്റ്മെന്റ് ടു ടെർമിനേഷനിൽ (ടിസിസി) ആപ്പിൾ ഒപ്പുവെച്ചതായി ബ്രസീലിലെ കോമ്പറ്റീഷൻ അതോറിറ്റിയായ സിഎഡിഇ പ്രസ്താവനയിൽ പറഞ്ഞു.
തേഡ് പാർട്ടി ആപ്പ്സ്റ്റോറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെ കുറിച്ചും പുറത്തുനിന്നുള്ള പേമെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഉപഭോക്താക്കൾക്ക് നൽകുന്ന മുന്നറിയിപ്പുകളിൽ നിഷ്പക്ഷത പാലിക്കാൻ ആപ്പിൾ ബാധ്യസ്ഥരായിരിക്കും. ആപ്പുകളിലൂടെയുള്ള പണമിടപാടുകൾക്ക് കമ്മീഷൻ ഈടാക്കാൻ കമ്പനിക്ക് ഇപ്പോഴും അനുവാദമുണ്ട്. എന്നാൽ, ഈ ഫീസ് ഘടനയുടെ വിശദാംശങ്ങൾ വ്യക്തമല്ല.
ബ്രസീലിൽ അധികൃതരും ആപ്പിളും തമ്മിലുള്ള ദീർഘനാൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഇതോടെ അവസാനമാവും. തേഡ്പാർട്ടി ആപ്പുകൾക്ക് ഐഒഎസിൽ അനുവാദം നൽകുന്നത് ഉപകരണങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ രംഗത്തുവന്നിരുന്നു. എന്നാൽ ഒടുവിൽ കമ്പനി ബ്രസീൽ അധികൃതർക്ക് വഴങ്ങുകയായിരുന്നു.
ദീർഘകാലമായി ആപ്പിൾ പിന്തുടർന്നുവരുന്ന ആപ്പ്സ്റ്റോർ നയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിവിധ രാജ്യങ്ങളിൽ കമ്പനി സമ്മർദ്ദം നേരിടുന്നുണ്ട്. ആപ്പിളിന്റെ പണിയിലെ കുത്തകയും ആപ്പ്സ്റ്റോറിലെ ഉയർന്ന ഫീസുമെല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് യൂറോപ്പിലും ജപ്പാനിലും തേഡ് പാർട്ടി ആപ്പ്സ്റ്റോറുകൾ ഉപയോഗിക്കാൻ ആപ്പിൾ അനുവാദം നൽകിയിട്ടുണ്ട്. യുഎസിലും സമ്മർദ്ദം ശക്തമാണ്. ചെലവുകുറഞ്ഞ ബാഹ്യ-പേമെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ഡെവലപ്പർമാരെ അനുവദിക്കണമെന്ന് 2021 ൽ ഒരു യുഎസ് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.
2025 നവംബറിൽ ആപ്പിളിനെതിരെ 38 ബില്യൺ ഡോളർ വരെ പിഴ ചുമത്താൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) അധികാരപ്പെടുത്തുന്ന ഇന്ത്യയുടെ മത്സര നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് ആപ്പിൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലെ മത്സര നിയമം ലംഘിച്ചതിന് പിഴകൾ കണക്കാക്കുമ്പോൾ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവ് കണക്കിലെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോമ്പറ്റീഷൻ കമ്മീഷനുമായുള്ള ആപ്പിളിന്റെ തർക്കം. കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത ഇന്ത്യയുടെ ആന്റിട്രസ്റ്റ് പെനാൽറ്റി നിയമത്തിനെതിരായ ആദ്യ നിയമ വെല്ലുവിളികൂടിയാണിത്,
2024 ൽ ആപ്പ് വിപണിയിലെ തങ്ങളുടെ ആധിപത്യം ആപ്പിൾ ചൂഷണം ചെയ്തതായി ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ കമ്മീഷന്റെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ആപ്പിൾ ചെയ്തത്.



