ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ നേരിട്ട കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ട് പുതിയ എയർലൈനുകൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ അൽഹിന്ദ് എയർ, ഫ്ലൈ എക്‌സ്പ്രസ് എന്നീ കമ്പനികൾക്കാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതോടെ അടുത്ത വർഷം മുതൽ ഇവ ആഭ്യന്തര സർവീസുകൾ ആരംഭിക്കും.
ഡിസംബർ ആദ്യവാരം സ്റ്റാഫ് പ്ലാനിംഗിലുണ്ടായ പാളിച്ചയെത്തുടർന്ന് ഇൻഡിഗോ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്.
വ്യോമയാന വിപണിയിൽ ഒന്നോ രണ്ടോ കമ്പനികളുടെ ആധിപത്യം യാത്രക്കാർക്ക് തിരിച്ചടിയാകുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് കൂടുതൽ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പ് പ്രൊമോട്ട് ചെയ്യുന്ന അൽഹിന്ദ് എയർ തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ പ്രാദേശിക റൂട്ടുകളിലാണ് സർവീസ് നടത്തുക. കൊച്ചി, ബംഗളൂരു, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും ആദ്യഘട്ട സർവീസുകൾ.
ഇതിനായി മൂന്ന് എടിആർ ടർബോപ്രോപ്പ് വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുക. 200 മുതൽ 500 കോടി രൂപ വരെയാണ് ആദ്യഘട്ട നിക്ഷേപം. ഇവയ്ക്ക് പുറമെ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് എയർ വരും വർഷം സർവീസ് തുടങ്ങാൻ നേരത്തെ അനുമതി നേടിയിരുന്നു. ഇൻഡിഗോയുടെ വിപണി വിഹിതം 65 ശതമാനത്തിന് മുകളിലുള്ള സാഹചര്യത്തിൽ, കൂടുതൽ കമ്പനികൾ വരുന്നത് ടിക്കറ്റ് നിരക്ക് കുറയാനും സേവനം മെച്ചപ്പെടാനും സഹായിക്കുമെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു.



