കൊതുകിനെ പ്രതിരോധിക്കാൻ കഴിയുന്ന ഡിറ്റർജന്റ് വികസിപ്പിച്ച് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി). തുണികളെ വൃത്തിയാക്കുന്നതിനൊപ്പം കൊതുകിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുക കൂടിയാണ് ഡിറ്റർജന്റ് ചെയ്യുക. പൗഡർ രൂപത്തിലും ദ്രാവകരൂപത്തിലും ഈ ‘സ്മാർട്ട് ഡിറ്റർജന്റ്’ ലഭ്യമാണെന്ന് ഗവേഷകർ പറയുന്നു.
തങ്ങൾ വികസിപ്പിച്ച ഡിറ്റർജന്റിന് ജനങ്ങളെ അപകടകരമായ കൊതുകുജന്യരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ഐഐടി ഡൽഹിയിലെ ടെക്‌സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫസർ ജാവേദ് നബിബക്ഷ ഷെയ്ഖ് പറഞ്ഞു. ഡിറ്റർജന്റ് ലബോറട്ടറിയിൽ പരീക്ഷിച്ചപ്പോൾ കൊതുകിനെ തുരത്തുന്നതിൽ കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊതുകുകളെ അടച്ചിട്ട പെട്ടിയിൽ തുണികൊണ്ട് മൂടിയ കൈ കടത്തിക്കൊണ്ട് നടത്തുന്ന ‘ഹാൻഡ്-ഇൻ-കേജ്’ രീതിയിലാണ് പരീക്ഷണം നടത്തിയത്.
സാധാരണ തുണി കൈയിൽ പൊതിഞ്ഞ് പെട്ടിയിൽ കടത്തിയപ്പോൾ കൈയിൽ വന്നിരുന്ന കൊതുകുകളുടെ എണ്ണമെടുക്കുകയാണ് ഗവേഷകർ ആദ്യം ചെയ്തത്. പിന്നീട് തുണി പുതുതായി വികസിപ്പിച്ച ഡിറ്റർജന്റ് ഉപയോഗിച്ച് അലക്കിയശേഷം ഇതേ കാര്യം ആവർത്തിച്ചപ്പോൾ കൈയിൽ വന്ന കൊതുകുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് ഗവേഷകർ നിരീക്ഷിച്ചത്.
തുണികളുടെ ഇഴകൾക്കിടയിലൂടെ കൊമ്പ് കയറ്റി മനുഷ്യരുടെ രക്തമൂറ്റാൻ കൊതുകിന് കഴിയും. അതിനാൽ കൊതുക് തുണികളിൽ വരാതിരിക്കാനുള്ള മാർഗമാണ് വേണ്ടതെന്ന ആലോചനയാണ് ഗവേഷകരെ ഇത്തരമൊരു ഡിറ്റർജന്റിലേക്ക് എത്തിച്ചത്. സ്മാർട്ട് ഡിറ്റർജന്റ് ഉപയോഗിച്ച് അലക്കിയ തുണികൾ കൊതുകുകളെ പ്രതിരോധിക്കുകയും അതുവഴി കൊതുകുകടിയിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം.
ഡിറ്റർജന്റിൽ അടങ്ങിയ ഘടകങ്ങൾ കൊതുകുകൾക്ക് ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാൻ കഴിയുമെന്ന് പ്രൊഫസർ ഷെയ്ഖ് പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാൽ പിന്നെ കൊതുക് തുണിയിൽനിന്ന് അകന്ന് പോകും. ഡിറ്റർജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ തുണി അലക്കിയാൽ തുണികളുടെ കൊതുകിനെ പ്രതിരോധിക്കാനുള്ള ശേഷി നിലനിൽക്കുകയും ചെയ്യും. ഡിറ്റർജന്റിന്റെ പേറ്റന്റിനായി അപേക്ഷ നൽകിക്കഴിഞ്ഞുവെന്നും വാണിജ്യാടിസ്ഥാനത്തിൽ ഇത് ഉടൻ പുറത്തിറങ്ങുമെന്നും ഡൽഹി ഐഐടി അറിയിച്ചു.



