Friday, December 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിലെ പ്രധാനപ്പെട്ട 17 കേന്ദ്രങ്ങളിൽ പുതിയ പാർക്കിങ് നിരക്കുകൾ

ദുബായിലെ പ്രധാനപ്പെട്ട 17 കേന്ദ്രങ്ങളിൽ പുതിയ പാർക്കിങ് നിരക്കുകൾ

ദുബായ്: തിരക്കേറിയ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് ദുബായിലെ പ്രധാനപ്പെട്ട 17 കേന്ദ്രങ്ങളിൽ പുതിയ പാർക്കിങ് നിരക്കുകൾ നിലവിൽ വന്നു. ദുബായിലെ പൊതു പാർക്കിങ് സേവനദാതാക്കളായ ‘പാർക്കിൻ’   2025 അവസാനത്തോടെയാണ് ഈ വിപുലമായ പരിഷ്‌കാരങ്ങൾ പൂർത്തിയാക്കിയത്. തിരക്കേറിയ സമയങ്ങളിൽ പാർക്കിങ് ലഭ്യത ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനുമായി ഓരോ പ്രദേശത്തെയും ആവശ്യകത അനുസരിച്ചാണ് നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ക്രമീകരണമനുസരിച്ച് കുറഞ്ഞ നിരക്ക് 30 മിനിറ്റിനോ ഒരു മണിക്കൂറിനോ രണ്ട് ദിർഹമാണ്. ചിലയിടങ്ങളിൽ 24 മണിക്കൂർ പാർക്കിങ്ങിന് പരമാവധി 36 ദിർഹം വരെ നൽകേണ്ടി വരും. സ്ഥിരമായി പാർക്കിങ് ഉപയോഗിക്കുന്നവർക്കായി ആകർഷകമായ സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസ പാക്കേജുകൾ 300 ദിർഹം മുതലും വാർഷിക പാക്കേജുകൾ പ്രദേശത്തിന്റെ പ്രാധാന്യം അനുസരിച്ച് 4,040 ദിർഹം വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും സൗജന്യ പാർക്കിങ് ആനുകൂല്യം തുടരും. പള്ളികൾക്ക് സമീപമുള്ള പാർക്കിങ് ഇടങ്ങളിൽ പ്രാർഥനാ സമയങ്ങളിൽ വിശ്വാസികൾക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും നിലനിർത്തിയിട്ടുണ്ട്.

അൽ സൂഫൂഹ്, അൽ ഖിസൈസ്, അൽ കരാമ, ദുബായ് മാരിടൈം സിറ്റി, അൽ ഖിഫാഫ് തുടങ്ങിയ ഇടങ്ങളിൽ പുതിയ പാർക്കിങ് കാറ്റഗറികൾ നിലവിൽ വന്നു. ഇതിൽ ചിലയിടങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) ആറ് ദിർഹവും അല്ലാത്തപ്പോൾ നാല് ദിർഹവുമാണ് നിരക്ക്. മിർദിഫ്, അൽ ജദ്ദാഫ് തുടങ്ങിയ താമസമേഖലകളിലും ശനിയാഴ്ച വരെ രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. ഗേറ്റ് അവന്യൂ-അൽ ഖൈൽ ഭാഗത്ത് 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്.

വിദ്യാഭ്യാസ-വ്യവസായ കേന്ദ്രങ്ങളായ ദുബായ് അക്കാദമിക് സിറ്റി, സ്റ്റുഡിയോ സിറ്റി, സ്പോർട്സ് സിറ്റി, പ്രൊഡക് ഷൻ സിറ്റി, ജുമൈറ വില്ലേജ് ട്രയാംഗിൾ എന്നിവിടങ്ങളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം പ്രതിദിന നിരക്ക് 20 മുതൽ 36 ദിർഹം വരെയായിരിക്കും. നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി പാർക്കിങ് സംവിധാനങ്ങളെ നവീകരിക്കുന്നതിലൂടെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ മെച്ചപ്പെട്ട യാത്രാനുഭവം നൽകാനാണ് ഈ മാറ്റങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments