അബുദാബി : ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമായി പുതുവർഷ സമ്മാനം. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പുതിയ റിപോർട്ടുകൾ. അവധിക്കാലം ആഘോഷിക്കാൻ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർക്ക് വലിയൊരു ലാഭത്തിനുള്ള അവസരമാണിത്.
നിലവിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 870 ദിർഹത്തിന് മുകളിലുള്ള നിരക്ക് ജനുവരി ഒന്നിന് 694 ദിർഹമായി കുറയും. ഏകദേശം നാലായിരം രൂപയോളം ലാഭിക്കാൻ ഇതിലൂടെ യാത്രക്കാർക്ക് സാധിക്കും. കൊച്ചിക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും സമാനമായ നിരക്ക് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലേക്ക് മാത്രമല്ല, അബുദാബിയിൽ നിന്ന് ബെയ്‌റൂട്ടിലേക്കും ദുബായിൽ നിന്ന് കെയ്‌റോ, തിബിലിസി തുടങ്ങിയ ഇടങ്ങളിലേക്കും ജനുവരി ഒന്നിന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവുണ്ട്.
ബെയ്‌റൂട്ടിലേക്ക് നിലവിൽ 700 ദിർഹത്തിന് മുകളിലുള്ള ടിക്കറ്റ് ജനുവരി ഒന്നിന് വെറും 114 ദിർഹത്തിന് ലഭ്യമാകും. ആഘോഷങ്ങൾക്കായി പ്രവാസികൾ യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതാണ് ഈ നിരക്ക് കുറവിന് പ്രധാന കാരണം. ഡിസംബർ 31-ന് രാത്രി വൈകുവോളം പുതുവത്സരാഘോഷങ്ങളിൽ മുഴുകുന്നവർ പിറ്റേന്ന് യാത്ര ഒഴിവാക്കി വിശ്രമിക്കാൻ താല്പര്യപ്പെടുന്നതോടെ വിമാനങ്ങളിൽ തിരക്ക് കുറയുന്നു. ഇതേത്തുടർന്നാണ് വിമാനക്കമ്പനികൾ നിരക്ക് താഴ്ത്തുന്നത്.



