പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.
വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 15ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗം സി കണ്ണന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നിര്‍ദേശം. നിയമലംഘനം നടത്തിയതിനാല്‍ പഞ്ചായത്ത് അംഗമായി തുടരാന്‍ സുനിലിന് അര്‍ഹതയില്ലെന്നും ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്ജിക്കാരന് ആവശ്യപ്പെട്ടത്.



